ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം.
അതേസമയം, ഇന്ത്യ ബ്ലോക്ക് സഖ്യമായ തൃണമൂൽ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കില്ല. മമത ബാനർജി ഇക്കാര്യം വ്യക്തമാക്കി.
ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി.) ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ റോൾ സ്വീകരിക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനം പിന്നീടറിയിക്കാമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സോണിയാ ഗാന്ധിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു.
ബിജെപി സ്വതന്ത്രമായി ഭൂരിപക്ഷം നേടിയ രണ്ട് ടേമുകൾക്ക് ശേഷം ഒരു കൂട്ടുകക്ഷി സർക്കാരിന്റെ ഉറപ്പിൽ പ്രധാനമന്ത്രി മോദി തുടർച്ചയായ മൂന്നാം തവണയും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ് എന്നിവരുൾപ്പെടെ നിരവധി വിദേശ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.