
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം.
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ വേർതിരിച്ചുണ്ടാക്കിയ വാട്സ് ആപ് ഗ്രൂപ്പ് ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്ന് ജില്ലാ ഗവ.പ്ലീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടി.
ഗോപാലകൃഷ്ണൻ ഐ.എ.എസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നിയമോപദേശം തേടിയത്. ഫോൺ ഹാക്ക് ചെയ്തവരാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസം 30നാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി വാട്സ്ആപ് ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവർ ‘മല്ലു മുസ്ലിം ഓഫിസേഴ്സ്’എന്ന പേരിൽ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോൺടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടും ഗോപാലകൃഷ്ണൻ വിശദീകരണം നൽകിയിരുന്നു.