മമതാ ബാനര്‍ജിയും കിം കര്‍ദാഷിയാനും ഒരൊറ്റ ഫ്രെയിമില്‍; ചര്‍ച്ചയായി അംബാനിക്കല്യാണത്തിലെ ആ നിമിഷം

ലോകത്തെ ഇന്ത്യയിലേക്കെത്തിച്ച വിവാഹമായിരുന്നു കോടീശ്വരന്‍ മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും ഇളയ മകന്‍ ആനന്ദ് അംബാനിയുടേത്. നിരവധി ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാധിക മെര്‍ച്ചന്റാണ് വധു. ഇരുവരുടേയും ദീര്‍ഘനാളത്തെ പ്രണയമാണ് സഫലമായത്.

ആഡംബരം കൊണ്ടും പ്രമുഖ സാന്നിധ്യം കൊണ്ടും കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ വെഡിംഗ് ആഘോഷങ്ങള്‍ ചര്‍ച്ചായിരുന്നു. അംബാനി കുടുംബത്തിലെ കല്യാണത്തില്‍ പ്രമുഖരെല്ലാം എത്തിയ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കൊണ്ടാണ് വൈറലായി മാറിയത്. അക്കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തമായ ചിത്രമായിരുന്നു പ്രമുഖ അമേരിക്കന്‍ താരം കിം കര്‍ദാഷിയാനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉള്‍പ്പെട്ടത്. ഇരുവരും ഒരു ഫ്രെയിമിലുള്ള ചിത്രം സൈബറിടത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിരുന്നു.

ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കിം കര്‍ദാഷിയാനും സഹോദരി ക്ലോ കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇരുവരുടേയും ആദ്യസന്ദര്‍ശനമായിരുന്നു ഇത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍, പ്രത്യേകിച്ച് കിമ്മിന് ഒപ്പമുള്ള ചിത്രങ്ങള്‍ നിരവധി പേര്‍ പങ്കിടുകയും ചെയ്തു. അക്കൂട്ടത്തിലാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കടന്നു വരവ്. ഇരുവരും ഒരു ഫോട്ടോയ്ക്കായി പോസ് ചെയ്തില്ലെങ്കിലും അംബാനി കല്യാണത്തിലെ ക്യാമറകള്‍ അത് ഒപ്പിയെടുത്തു. കിം കര്‍ദാഷിയാനും മമതാ ബാനര്‍ജിയും ഒറ്റ ഫ്രെയിമില്‍. ഇത് ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത രണ്ടുപേരുടെ ചിത്രങ്ങളാണെന്നും ഇരുവരുടേയും വേഷങ്ങളടക്കം പരാമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തി.

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും രണ്‍വീര്‍ സിങ്ങും മുതല്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ മകള്‍ സിതാര വരേയുള്ളവര്‍ കിം കര്‍ദാഷിയാനൊപ്പം സെല്‍ഫിയെടുത്തിരുന്നു. അംബാനി കുടുംബത്തിലെ കല്യാണത്തിനായി വ്യാഴാഴ്ചയാണ് കര്‍ദാഷിയാന്‍ സഹോദരിമാര്‍ ഇന്ത്യയിലെത്തിയത്.