സിപിഎം-കോൺ​ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യം: മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസ്-സിപിഎം സഖ്യത്തിന് വോ‌ട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. കോൺ​ഗ്രസ്-സിപിഎം സഖ്യം ഗൂഢാലോചനയാണെന്നും അവർക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു തുല്യമായിരിക്കുമെന്നും നാദിയ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമത പറഞ്ഞു.

ഞാൻ ഇന്ത്യാ സഖ്യം രൂപീകരിച്ചു. അതിനും പേരിട്ടു. തെരഞ്ഞെടുപ്പിന് ശേഷം അത് പരിശോധിക്കും. എന്നാൽ ബംഗാളിൽ സഖ്യമുണ്ടായിട്ടില്ല. കോൺഗ്രസും സിപിഎമ്മും ഉണ്ടാക്കിയ സഖ്യം ഗൂഢാലോചനയാണ്. മൂന്ന് പേർക്കെതിരെയും ഞങ്ങൾ ഒറ്റയ്ക്ക് പോരാടുകയാണെന്നും കൃഷ്ണനഗർ സ്ഥാനാർത്ഥി മഹുവ മൊയ്ത്രയുടെ പ്രചാരണത്തിൽ അവർ പറഞ്ഞു.

അതേസമയം, ഞായറാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയെ മമതാ ബാനർജി സ്വാ​ഗതം ചെയ്തു. ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി, ഇടതുപക്ഷം, കോൺഗ്രസ് എന്നിവർക്കെതിരെയാണ് തൻ്റെ പാർട്ടിയുടെ മത്സരമെന്നും അവർ പറഞ്ഞു.

Mamata banerjee attacks cpm-congress alliance in Bengal