ധൈര്യമുണ്ടെങ്കിൽ യുപിയിൽ ബിജെപിയെ തോല്‍പ്പിക്കൂ; കോണ്‍ഗ്രസിനെ പരസ്യമായി വെല്ലുവിളിച്ച് മമത

സീറ്റ് വിഭജനത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ അവർ വെല്ലുവിളിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ ലഭിക്കുമോയെന്ന സംശയമുണ്ടെന്ന് മമത പരിഹസിച്ചു. താന്‍ രണ്ട് സീറ്റുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജയിക്കാന്‍ അനുവദിക്കുമായിരുന്നുവെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ പൊതുയോഗത്തിനിടയിലായിരുന്നു മമതയുടെ വിമര്‍ശനം.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള പോര് മുറുകുകയാണെന്ന് വ്യക്തമാക്കുന്നതാണ് മമതയുടെ പരാമർശം.

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന പിടിവാശി ആയിരുന്നെന്നും മമത കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തിലെ അംഗമായിരുന്നിട്ടും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലെത്തിയത് അനൗദ്യോഗികമായാണ് അറിഞ്ഞതെന്നും മമത പറഞ്ഞു.

‘ഇന്ത്യ സഖ്യത്തിന്റെ അംഗമായിരുന്നിട്ടും അവരുടെ ബംഗാളിലെ പരിപാടിയെക്കുറിച്ച് എന്നെ അറിയിച്ചില്ല. ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഞാനിത് അറിഞ്ഞത്. റാലി കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തൃണമൂൽ നേതാവ് ഡെറക് ഒബ്രിയനെ അവർ വിളിച്ചിരുന്നു”, മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ കോണ്‍ഗ്രസുമായി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ലെന്നും ബിജെപിയെ ബംഗാളില്‍ ഒറ്റയ്ക്ക് നേരിട്ടു കൊള്ളാമെന്നും വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ ഒറ്റയ്ക്ക് പോരാടുമെന്നാണ് എപ്പോഴും പറഞ്ഞിട്ടുള്ളതാണെന്നാണ് മമതയുടെ വാദം. രാജ്യത്തെ മറ്റിടങ്ങളില്‍ എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ ബംഗാളില്‍ മതേതര പാര്‍ട്ടിയായ തൃണമൂല്‍ ഒറ്റയ്ക്ക് ബിജെപിയെ നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.

തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം എന്നിങ്ങനെ മൂന്ന് പ്രധാന പാര്‍ട്ടികള്‍ക്ക് സാന്നിധ്യമുള്ള സംസ്ഥാനമാണ് ബംഗാള്‍. ഇവര്‍ക്കിടയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ സഖ്യ സമിതിയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച തൃണമൂല്‍, പാര്‍ട്ടിക്ക് രണ്ട് സിറ്റിങ് സീറ്റുകള്‍ മാത്രമായിരിന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.

Mamata Banerjee challenged the Congress to defeat the BJP in UP

More Stories from this section

family-dental
witywide