കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ 31 കാരിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഞായറാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി മമത ബാനർജി.
സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മമതയുടെ ഉറപ്പ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
“കൂടുതൽ പ്രതികളുണ്ടെങ്കിൽ… എല്ലാവരെയും ഞായറാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ.. ഞങ്ങൾ കേസ് സിബിഐക്ക് കൈമാറും”, കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ടതിന് ശേഷം ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വനിതാഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ തടസ്സപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്ത് വിവിധ നഗരങ്ങളിലും ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.