പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജൂലൈ 27 ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന നിതി ആയോഗിൻ്റെ 9-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്ന് മമത ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗ് യോഗം ചേരുന്നത്.
സംസാരിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. യോഗത്തിൽ താൻ അപമാനിക്കപ്പെട്ടുവെന്നും മമത ബാനർജി പറഞ്ഞു.
“…നിങ്ങൾ (കേന്ദ്ര സർക്കാർ) സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എൻ്റെ മൈക്ക് മ്യൂട്ട് ചെയ്തു. എന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകൾ 10-20 മിനിറ്റ് സംസാരിച്ചു,” മമത നിതി ആയോഗ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞാൻ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്…,” ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.