ഇടുക്കി : ജയറാമിന് പിന്നാലെ ഇടുക്കിയിലെ കുട്ടികര്‍ഷകര്‍ക്ക് സഹായഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും മൃഗസംരക്ഷണ വകുപ്പും അടക്കം രംഗത്തെത്തി.
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ പശുക്കള്‍ ചത്ത സംഭവം ജന ശ്രദ്ധ ആകര്‍ഷിച്ചത്. കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണിത്.
നടന്‍ ജയറാം ഇന്ന് രാവിലെ കുട്ടികളെ വീട്ടിലെത്തി കണ്ട് 5 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. കൂടുതല്‍ സഹായം എത്തും എന്നും വ്യക്തമാക്കിയാണ് നടന്‍ മടങ്ങിയത്. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതന്‍ വഴി ഇന്ന് വൈകിട്ട് പണം കുട്ടികള്‍ക്ക് കൈമാറും എന്നാണ് വിവരം.
അതേസമയം, തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകനായ മാത്യുവിന് അഞ്ചു പശുക്കളെ സൗജന്യമായി നല്‍കുമെന്ന് മൃഗസംരക്ഷണവകുപ്പ്മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. അടുത്ത ആഴ്ച തന്നെ പശുക്കളെ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്.