മുതിർന്ന സിപിഎം നേതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ വിതുമ്പി നടൻ മമ്മൂട്ടി. യെച്ചൂരി തന്റെ ദീർഘകാല സുഹൃത്തായിരുന്നു എന്നും അദ്ദേഹം ഇനി കൂടെയില്ല എന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നുവെന്നും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഏറെ നാളത്തെ പ്രിയ സുഹൃത്ത് സീതാറാം യെച്ചൂരി ഇപ്പോൾ നമ്മോടൊപ്പമില്ല എന്ന വാർത്ത വളരെ ദുഖിക്കുന്നു. സമർത്ഥനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ, അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ, നമ്മളെ ശരിക്കും മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും.”
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വിട പറഞ്ഞത്.
മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും ശ്വാസകോശ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.
2015 മുതൽ സിപിഎം ജനറല്‍ സെക്രട്ടറിയാണ്. ഒന്‍പതു വര്‍ഷമായി ആ സ്ഥാനത്ത് തുടരുകയായിരുന്നു. സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയുടെ എഡിറ്ററാണ്.