ആഡംബരപൂര്‍വം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ചെറുപ്പംമുതലേയില്ല. എങ്കിലും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വാക്കുകളുടെ ഗോപുരത്തേക്ക് എഴുത്തിലൂടെ കൈ പിടിച്ച് ഉയര്‍ത്തുകയും വാക്കുകളിലൂടെ സ്വപ്‌നം കാണാനും ഭാവനയുടെ ലോകത്തേക്ക് വഴി നടത്തുകയും ചെയ്ത എം.ടിക്ക് ഇന്ന് 91 ാം പിറന്നാളാണ് കടന്നു പോകുന്നത്.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ, മലയാളിയുടെ ഭാഗ്യ നക്ഷത്രമായ എംടിക്ക് പിറന്നാള്‍ ആശംസകളുടെ പ്രവാഹമായിരുന്നു ഇ ന്ന് സമൂഹമാധ്യമങ്ങളില്‍. അക്കൂട്ടത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയും ആശംകളുമായി എത്തിയിരുന്നു.
പ്രിയപ്പെട്ട എംടി സാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. എം ടിയുടെ കുടുംബവുമായി നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അമാലും മമ്മൂട്ടിയുടെ ഭാര്യയും ഉള്‍പ്പടെ എം.ടിയുടെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയില്‍ ഉണ്ട്.
മമ്മൂട്ടിയെ കൂടാതെ, മോഹന്‍ ലാലും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും താരങ്ങളും, രാഹുല്‍ ഗാന്ധിയുമടക്കം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
1933 ജൂലൈ 15നാണ് കൂടല്ലൂരില്‍ ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി എംടി ജനിച്ചത്. ജൂലൈ 15നാണ് അദ്ദേഹത്തിന്റെ ജന്മദിനമെങ്കിലും മലയാളമാസം അനുസരിച്ച് കര്‍ക്കടകത്തിലെ ഉതൃട്ടാതി നാളിലാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിക്കുക. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. അധ്യാപകന്‍, പത്രാധിപന്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ച എംടിക്ക് പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു. സിലോണില്‍ നിന്നും മടങ്ങി വരുന്ന അച്ഛന്‍ ഒരു പെണ്‍ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയില്‍ പറയുന്നു.