ചെന്നൈ: ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികള്‍. തമിഴ്‌നാട്ടിലെ തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
വിനായകപുരം സ്വദേശി ദിനേശിന്റെ കയ്യില്‍ നിന്നാണ് ഫോണ്‍ അബദ്ധത്തില്‍ ക്ഷേത്രഭണ്ഡാരത്തില്‍ വീണുപോയത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് നോട്ടുകള്‍ എടുക്കുന്നതിനിടെ ഐഫോണ്‍ ഭണ്ഡാരപ്പെട്ടിയില്‍ വീഴുകയായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. ക്ഷേത്ര ഭാരവാഹികളെ സമീപിച്ച് ഫോണ്‍ തിരികെ ആവശ്യപ്പെട്ടപ്പോഴാണ് സാധ്യമല്ലെന്ന മറുപടി ലഭിച്ചത്. ഭണ്ഡാരത്തില്‍ വീഴുന്നതെല്ലാം ദൈവത്തിന്റേതാണെന്നും അതൊരിക്കലും തിരികെ നല്‍കാനാകില്ലെന്നുമാണ് ഭാരവാഹികള്‍ വ്യക്തമാക്കിയത്.
മാത്രമല്ല, പെട്ടെന്ന് ഭണ്ഡാരം തുറക്കാനാകില്ലെന്നും ക്ഷേത്ര ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും ദിനേശിനോട് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് നിരാശനായ ദിനേശ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇവരുടെ ഇടപെടലില്‍ ഭണ്ഡാരപ്പെട്ടി തുറക്കാന്‍ നിര്‍ദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്നു. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്നും സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റയും എടുക്കാമെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. അതുമാത്രമല്ല, ദിനേശ് ഫോണ്‍ മനപ്പൂര്‍വ്വം ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടതാകാമെന്നും എന്നാല്‍ മനസ്സ് മാറിയതാണെന്നും ഇവര്‍ പറയുന്നു. ഭണ്ഡാരപ്പെട്ടി തുറക്കുന്നതും അതില്‍ നിന്ന് ഫോണ്‍ കിട്ടുന്നതുമായ വീഡിയോ ഇതിനോടകം എകസില്‍ വൈറലായിട്ടുണ്ട്.