കാനഡയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റ്, ദമ്പതികൾ തട്ടിപ്പ് നടത്തിയെന്ന് പരാതി

തൃശൂർ: വിമാന ടിക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ദമ്പതികൾക്കെതിരെ കേസ്. കാന‍ഡയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ ചിലവിൽ വിമാന ടിക്കറ്റ് ഏർപ്പാടാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തെന്നാണ് കേസ്. തൃശൂർ അന്തിക്കാട് പൊലീസാണ് പരാതിയിൽ കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിക്കും വെളുത്തൂർ സ്വദേശിയായ ഭർത്താവിനുമെതിരെയാണു പരാതി.

2 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എറണാകുളം ആറ്റുപുറം ഐരൂർ മണവാളൻ ജോൺസൺ നൽകിയ പരാതിയിൽ പറയുന്നു. ടൊറന്റോയിൽ നിന്നു കൊച്ചിയിലേക്കു മറ്റു ബുക്കിങ് ഏജൻസികളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പെന്നു പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ മകനും സുഹൃത്തിനും ടിക്കറ്റ് ബുക്ക് ചെയ്തു നൽകാമെന്നു വാഗ്ദാനം ചെയ്തു 2 ലക്ഷം രൂപ ഇവർ വാങ്ങി.

കഴിഞ്ഞ മാർച്ച് എട്ടിന് പണം വാങ്ങിയെങ്കിലും ഇതുവരെ ടിക്കറ്റ് നൽകിയില്ല. ബാങ്ക് അക്കൗണ്ട് വഴിയാണു താൻ പണം കൈമാറിയത്. അക്കൗണ്ട് നമ്പർ ഉൾപ്പെടെ തെളിവായി പൊലീസിനു നൽകി. ടിക്കറ്റ് ലഭിക്കാതിരുന്നതോടെ പരാതിക്കാരൻ പൊലീസിനെ സമീപിച്ചതറിഞ്ഞു ദമ്പതികൾ വിളിക്കുകയും പണം തിരികെ നൽകാമെന്നു പറയുകയും ചെയ്തു. എന്നിട്ടും പണം തിരികെ ലഭിച്ചില്ല. നിരവധിപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Man alleges couple steal money in the name of Canada flight ticket

More Stories from this section

family-dental
witywide