ചണ്ഡീഗഢ്: മൃതദേഹവുമായി പോകുന്ന ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ വീണ് കുലുങ്ങിയപ്പോള്‍ മരിച്ചയാള്‍ ഞെട്ടിയെഴുന്നേറ്റു. ഹരിയാനയിലെ ദന്ത് ജില്ലയിലാണ് ഇങ്ങനെയൊരു അത്ഭുതം നടന്നത്. യഥാര്‍ത്ഥത്തില്‍ മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ജീവനുള്ള ശരീരമായിരുന്നു എന്നതാണ് സംഭവത്തിലെ ട്വിസ്റ്റ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ദര്‍ശന്‍ സിങ് ബ്രാര്‍ എന്ന എണ്‍പതുകാരനാണ് മരിച്ചിട്ട് മടങ്ങിയെത്തിയത്.
ബ്രാര്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആംബുലന്‍സില്‍ ‘മൃതദേഹം’ ബന്ധുക്കള്‍ പട്യാലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കര്‍ണലിനടുത്തുള്ള നിസിംഗിലിലെ വീട്ടിലേക്ക് കൊണ്ടുപോയത്. സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ ആരംഭിക്കുകയും ബന്ധുക്കളും സമീപവാസികളും വീട്ടിലെത്തുകയും ചെയ്തിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹരിയാനയിലെ ദന്ത് ജില്ലയില്‍ വെച്ച് ആംബുലന്‍സ് ഗട്ടറില്‍ വീഴുകയും വാഹനം കുലുങ്ങുകയും ചെയ്തു.
ഈ കുലുക്കത്തില്‍ ബ്രാറിന്റെ ശരീരം ഞെട്ടുകയും കൈകള്‍ അനക്കുകയും ചെയ്തത് ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകനാണ് കണ്ടത്. പരിശോധനയില്‍ ഹൃദയമിടിപ്പ് അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ചെറുമകന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ബ്രാറിന് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 80 കാരനായ ഇയാള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മരണത്തില്‍ നിന്ന് തിരിച്ചുവന്നെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.