ഡൊണാൾഡ് ട്രംപിൻ്റെ ചരിത്രപരമായ ഹഷ്-മണി ക്രിമിനൽ കേസിൻ്റെ വിചാരണ നടക്കുന്ന ന്യൂയോർക്കിലെ കോടതിക്ക് പുറത്ത് വെള്ളിയാഴ്ച ഒരാൾ സ്വയം തീകൊളുത്തി. ഫ്ലോറിഡയിലെ സെൻ്റ് അഗസ്റ്റിനിൽ നിന്നുള്ള മാക്സ് അസെറെല്ലോ എന്ന 37 കാരനാണ് ഇതെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വിവാഹേതര ബന്ധം മറച്ചു വയ്ക്കാൻ പോൺസ്റ്റാർ സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന കേസിലെ വിചാരണക്കുള്ള ജൂറി തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു കോടതിയിൽ. അപ്പോൾ ഇയാൾ കുറേ ലഘു ലേഖകളുമായി കോടതി പരിസരത്ത് എത്തി. അത് വാരി വിതറിയ ശേഷം ഒരു ക്യാനിൽ കരുതിയിരുന്ന ആൽക്കഹോൾ കലർന്ന ദ്രവകം ദേഹത്ത് ഒഴിച്ചു. ശേഷം തീ കൊളുത്തി. ഏതാനും മിനിട്ടുകൾ ഇയാൾ തീഗോളമായി നിന്നു കത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കണ്ടുനിന്നവരും കോടതി ജീവനക്കാരും പൊലീസും ഇയാളെ രക്ഷിക്കാൻ ഓടിയെത്തി, തൊട്ടുത്തു നിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഫയർ എക്സിറ്റിൻഗുഷർ പ്രവർത്തിപ്പിച്ച് തീയണച്ചു. പ്രദേശമാകെ പുക നിറഞ്ഞു.
ഇയാളെ ഉടൻ തന്നെ ആംബുലൻസ് എത്തി കോണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാക്കി. ഇയാളുടെ നില ഗുരുതരമാണ്. ഇൻവെസ്റ്റിഗേറ്റിവ് റിസേർച്ചർ എന്നാണ് ഇയാൾ ഇയാളെ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപും ബൈഡനും ഒത്തുകളിച്ച് ഫാസിസത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണെന്ന വിചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഇയാൾ അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച വാദങ്ങൾ ഇയാൾ നിരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ കോടതി വളപ്പിൽ പ്രതിഷേധവുമായി ഇയാൾ എത്തിയിരുന്നു.
മാൻഹട്ടൻ കോടതി പരിസരത്ത്, ട്രംപ് കേസ് വിചാരണ നടക്കുന്ന അന്നു മുതൽ പ്രതിഷേധക്കാരുടെ വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു. പക്ഷേ ഇന്നലെയായപ്പോളേക്കും പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞിരുന്നു.
ട്രംപ് കുറ്റക്കാരനാണോ എന്ന് നിർണ്ണയിക്കാൻ 12 ജൂറിമാർ, ആദ്യ വിചാരണയിൽ തെളിവുകൾ പരിഗണിക്കും. ഈ ജൂറിമാരുടേയും 6 പകരക്കാരുടേയും തിരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.
ജൂറിയിൽ ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു, : രണ്ട് കോർപ്പറേറ്റ് അഭിഭാഷകർ, ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ, ഒരു സ്പീച്ച് തെറാപ്പിസ്റ്റ്, ഒരു ഇംഗ്ലീഷ് അധ്യാപകൻ. എല്ലാവരും ന്യൂയോർക്ക് സ്വദേശികളല്ല, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും അയർലൻഡ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. 10 വർഷം മുമ്പ് നടന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ, 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് രതിചിത്ര താരം സ്റ്റോമി ഡാനിയൽസിന് ട്രംപ് തൻ്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ വഴി 130,000 ഡോളർ നൽകിയെന്നും ഇത് മറച്ചു വയ്ക്കാൻ തൻ്റെ ബിസിനെസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ആരോപണം. അടുത്ത ആഴ്ച മുതൽ കേസിൻ്റെ വിചാരണ ആരംഭിക്കും. നവംബർ 5നു നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം ഒരു ക്രിമിനൽ കേസിൻ്റെ വിചാരണയും വിധിയും വരുന്നത് ട്രംപിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
Man Sets Self On Fire Outside Manhattan Court When Trump Hush Money case was going on