വാഷിംഗ്ടൺ ഡി.സി.: വാഹനത്തിൻ്റെ താക്കോൽ തൻ്റെ കയ്യിലുണ്ടായിട്ടും വീടിനു മുന്നിൽ നിന്ന് തൻ്റെ കാർ മോഷ്ടിക്കപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള ബെഞ്ചമിൻ ബ്രാഗ്-റെയ്നോൾഡ്സ്. അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിൽ നിന്ന് റോഡിൽ ഇറങ്ങി. അപ്പോഴാണ് തൻ്റെ ഓമന നായെകൂടി കൂടെ കൂട്ടാൻ ഓർത്തത്. വണ്ടി ലോക് ചെയ്യാതെ, വണ്ടിയുടെ താക്കോലുമെടുത്ത് വീട്ടിലേക്ക് പോയി. നായയുമായി തിരിച്ചു വന്നപ്പോൾ കാർ കാണാനില്ല. കാറിൻ്റെ താക്കോൽ വണ്ടിയിൽ ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ പറ്റില്ല എന്നാണ് അയാൾ ഇത്ര നാളും കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് അനുഭവം കൊണ്ട് അയാൾ പഠിച്ചു. ബ്രാഗ്-റെയ്‌നോൾഡ്‌സിൻ്റെ കാർ ഒടുവിൽ ബാൾട്ടിമോറിൽ നിന്ന് കണ്ടെടുത്തു. അതു നന്നാക്കാൻ അയാൾക്ക് 5000 ഡോളർ ചെലവാക്കേണ്ടിയും വന്നു.
ലോക്ക് ചെയ്യാതെയും ഓഫ് ചെയ്യാതെയും ആളുകൾ വാഹനങ്ങൾ നിർത്തി പോകുന്നമൂലം വണ്ടി മോഷ്ടിക്കപ്പെടുന്നത് സ്ഥിരമായ പ്രശ്നമാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.
“റെസ്റ്റോറൻ്റുകൾക്ക് മുന്നിലും പെട്രോൾ പമ്പുകളിലും കാറുകൾ തനിയെ ഓടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നിർഭാഗ്യവശാൽ ആളുകൾ വാഹനം ഓഫ് ചെയ്യാതെ അശ്രദ്ധമായി പോകുന്നത് നിത്യ സംഭവമാണ്” എംപിഡി ലെഫ്റ്റനൻ്റ് സ്കോട്ട് ഡൗലിംഗ് പറഞ്ഞു.
നാഷണൽ ഇൻഷുറൻസ് ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച്, 2019 മുതൽ രാജ്യത്തുടനീളമുള്ള കാർ മോഷണങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു, 2023 ൽ രാജ്യത്തുടനീളം 1 ദശലക്ഷത്തിലധികം കാറുകൾ മോഷ്ടിക്കപ്പെട്ടു.
താക്കോൽ കയ്യിലുണ്ടെന്നു കരുതി, കാർ ഓഫ് ചെയ്യാതെ ഒരിടത്തേക്കും പോകരുതെന്നാണ് വാഹനനിർമാതക്കൾ നൽകുന്ന ആദ്യ ഉപദേശം. ഓരോ വാഹന ഉടമകളും അവരുടെ കാറിൻ്റെ യൂസർ മാനുവൽ മനസ്സിലാക്കണം, കാറിൻ്റെ സുരക്ഷ ഉറപ്പാക്കുന്ന റിമോട്ട് കാർ സ്റ്റാർട്ട് ഫീച്ചർ പോലുള്ളവ മനസ്സിലാക്കി ഉപയോഗിക്കണം.
ഉടമകൾ വാഹനത്തിനുള്ളിൽ ആപ്പിൾ എയർടാഗ് അല്ലെങ്കിൽ ടൈൽ പോലുള്ള ട്രാക്കിംഗ് ഉപകരണം സൂക്ഷിക്കാൻ MPD നിർദ്ദേശിക്കുന്നു. ഒരു കാർ മോഷ്ടിക്കപ്പെട്ടാൽ, കാറിൻ്റെ സ്ഥാനം ട്രാക്ക് ചെയ്യാനും കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.