ബംഗളൂരു: കര്‍ണാടക ഹൈക്കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് നിലയ് വിപിന്‍ചന്ദ്ര അഞ്ജാരിയയുടെ മുന്നില്‍ യുവാവ് കത്തികൊണ്ട് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്.
മൈസൂരു സ്വദേശിയായ ശ്രീനിവാസ് കോടതി ഹാള്‍ ഒന്നിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഫയല്‍ കൈമാറി. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകും മുമ്പ് ചീഫ് ജസ്റ്റിസ് അഞ്ജാരിയയുടെ സാന്നിധ്യത്തില്‍ ഇദ്ദേഹം സ്വന്തം കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ ബൗറിംഗ് ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കോടതി ഹാള്‍ ഒന്നില്‍ കടന്ന് കത്തികൊണ്ട് കഴുത്തറുത്തു. ഞങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ അത് കണ്ടു, ഉടന്‍ തന്നെ അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ സംഭവസ്ഥലത്ത് നിന്ന് കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശ്രീനിവാസ് നല്‍കിയ ഫയലിന്റെ ഉള്ളടക്കം അജ്ഞാതമാണ്. കൂടാതെ ഒരു നിയുക്ത അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ രേഖകള്‍ പരിശോധിക്കില്ലെന്നും കോടതി പറഞ്ഞു.