പത്തനംതിട്ടിയിൽ മീൻപിടിക്കാൻ പോയ സംഘത്തിന് നേരെ കാട്ടാനയാക്രമണം, ഒരാളെ ചവിട്ടിക്കൊന്നു; സ്ഥലത്ത് പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട പുളിഞ്ചാൽ വനത്തിന് സമീപം കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശിയായ 57 കാരൻ ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാത്രി എട്ടു മണിയോടെ കല്ലാറ്റിൽ ഏഴാന്തല ഭാഗത്ത് ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് മീൻപിടിക്കാൻ പോയത്. ഇതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ദിലീപിന് നേരെയാണ് കാട്ടാന പാഞ്ഞടുത്ത് ആക്രമണം നടത്തിയത്. സുഹൃത്ത് ഓമനക്കുട്ടൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് നിന്നും ജീവനും കൊണ്ടോടിയ ഓമനക്കുട്ടനാണ് ദിലീപിനെ ആന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.ജനവാസ മേഖലയിൽനിന്ന് അരക്കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് സംഭവം. കല്ലാറ്റിനടുത്തായി മീൻപിടിക്കാനായി വലകെട്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ കാട്ടാനക്കൂട്ടം സ്ഥലത്ത് വലിയ ഭീതിയാണ് ഉയ‍ർത്തിയത്. കല്ലാറ്റിന്‍റെ പരിസരത്തായി നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച് അകറ്റിയ ശേഷമാണ് ദിലീപിന്‍റെ മൃതദേഹത്തിന് അടുത്തെത്താനായത്. ദിലീപിന്റെ മൃതദേഹം പൊലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ദിലീപിന്‍റെ മരണത്തിന് പിന്നാലെ പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം ഇന്ന് നീലഗിരി ദേവാല മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നീർമട്ടം സ്വദേശി ഹനീഫ (45) ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ദേവഗിരി എസ്റ്റേറ്റിന് അടുത്താണ് കാട്ടാന ആക്രമണമുണ്ടായത്. വീടിനടുത്ത് വിറക് ശേഖരിക്കാൻ പോയതായിരുന്നു ഹനീഫ. കാട്ടാന ആക്രമണത്തിൽ ഹനീഫ കൊല്ലപ്പെട്ടതിൽ നീലഗിരിയിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

man was killed in pathanamthitta wild elephant attack latest news

More Stories from this section

family-dental
witywide