അഴിമതിക്കെതിരെ വേറിട്ട പ്രതിഷേധം, കഴുത്തിൽ പരാതി ഹാരമായി ചുറ്റി കളക്ട്രേറ്റിലേക്ക് ഉരുളൽ പ്രദക്ഷിണം, വീഡിയോ വൈറൽ

ഭോപ്പാൽ: അഴിമതിക്കെതിരായ തന്‍റെ പരാതികൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മുകേഷ് പ്രജാപത് എന്നയാളുടെ പ്രതിഷേധം രാജ്യശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി ഗ്രാമപഞ്ചായത്തിലെ അഴിമതിയെക്കുറിച്ച് പരാതിപ്പെട്ടിട്ടും നിരവധി തവണ കളക്ടറുടെ ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് മുകേഷ് നടത്തിയ വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം ചർച്ച. പരാതികളിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താൻ നൽകിയ പരാതികൾ വലിയൊരു ഹാരമാക്കി കഴുത്തിൽ ചുറ്റി, ചെരിപ്പ് തലയിൽ വച്ചും റോഡിലൂടെ ഉരുണ്ടുരുണ്ടാണ് കളക്ട്രേലേക്കെത്തിയാണ് ഇദ്ദേഹം പ്രതിഷേധിച്ചത്.

മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയാണ് മുകേഷ് പ്രജാപത്. ഇദ്ദേഹത്തിന്റെ വേറിട്ട പ്രതിഷേധത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ കളക്ട്രേറ്റിൽ നിന്നും നടപടി ഉണ്ടായി എന്നതാണ് മറ്റൊരു ശ്രദ്ധയമായ കാര്യം. മൂന്ന് ദിവസത്തിനകം പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര ഉത്തരവിട്ടു.

തൻ്റെ ഗ്രാമപഞ്ചായത്ത് അധികൃതർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇയാൾ ആരോപിച്ചത്. തെളിവുകൾ നൽകിയിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മുകേഷിന്റെ എല്ലാ പരാതികളും ഗൗരവമായി കാണാനും അടിയന്തരമായി പരിഹരിക്കാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരാതികളുടെ അവസ്ഥയെക്കുറിച്ച് രേഖാമൂലം പരാതിക്കാരെ അറിയിക്കേണ്ടതിൻ്റെ പ്രാധാന്യവും കളക്‌ടർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide