കോഴിക്കോട്: ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും അര്‍ജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്നും ഇനിയുള്ള കാലം അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്.
ഷിരൂരില്‍ ജൂലൈയില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ ലോറി ഉള്‍പ്പെടെ കാണാതായത്. പിന്നീടിങ്ങോട്ട് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫ് ഷിരൂരില്‍ത്തന്നെയായിരുന്നു.
അര്‍ജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടു വര്‍ഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നുവെന്നാണ് മനാഫ് പറഞ്ഞത്.
അതേസമയം, താന്‍ ഷിരൂരിലായിരുന്നപ്പോള്‍ ഒരാള്‍ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വില്‍ക്കുകയും ചെയ്തെന്നും മനാഫ് വെളിപ്പെടുത്തി.
അര്‍ജുനെ കണ്ടെത്താനായി കൂടെ നിന്നവര്‍ക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു. അര്‍ജുന്റെ കുടുംബത്തിന് താങ്ങും തണലുമായി ഒപ്പം നില്‍ക്കുമെന്ന മനാഫിന്റെ വാക്കുകള്‍ അര്‍ജുന്റെ പ്രിയപ്പെട്ടവര്‍ക്ക് അധിക ആശ്വാസമാണ് നല്‍കുക.