മനാഫിന്റെ യൂട്യൂബ് ചാനലിന് ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷം കടന്ന് സബ്‌സ്‌ക്രൈബേഴ്‌സ്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ നടക്കുന്ന ആരോപണങ്ങള്‍ക്കു പിന്നാലെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ കുതിച്ചുചാട്ടം. പതിനായിരത്തില്‍ നിന്നും ഇപ്പോള്‍ 1.61 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച ‘ലോറി ഉടമ മനാഫ്’ എന്ന മനാഫിന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം കടന്നത്.

മനാഫിനെതിരെ ഇന്നലെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു. അര്‍ജുന്റെ ശമ്പളം 75000 ആയിരുന്നുവെന്നും കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ഇന്നലെ ആരോപിച്ചു. എന്നാല്‍ ഇതിനു മറുപടിയുമായെത്തിയ മനാഫ് താന്‍ അത്തരത്തില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു പ്രതികരിച്ചത്.

ഇതോടെ സോഷ്യല്‍ മീഡിയ രണ്ടു തട്ടിലാകുകയും മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുകയുമാണ്. മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ മനാഫിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് ജിതിന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു പലരുടേയും ആരോപണം. ജിതിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പങ്കുവെച്ചും സംഘിയെന്ന് ആരോപിച്ചും പലരും രോഷം പ്രകടിപ്പിക്കുന്നു. രാഷ്ട്രീയ വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്കു പിന്നിലെന്നാണ് പ്രധാന ആരോപണം.

വാര്‍ത്താ സമ്മേളനത്തിനു ശേഷമാണ് ഇത്തരമൊരു ചാനല്‍ ഉണ്ടെന്ന് അറിഞ്ഞതെന്നും അതിന് അര്‍ജുന്റെ കുടുംബത്തിന് നന്ദിയെന്നും പലരും കുറിച്ചു.

അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. 13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുതന്നെ ഇന്നലെ മനാഫും വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide