മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഒരാളെ ചവിട്ടിക്കൊന്ന ബേലൂർ മഗ്ന എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കില്ല. വെളിച്ചക്കുറവ് മൂലം ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ഭരതും സൂര്യയും കുറുവാ ദ്വീപിലെത്തി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാംപിലേക്കു മാറ്റാനാണ് ശ്രമം.
അതേസമയം, കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തി. ചാലിഗദ്ദയിൽനിന്നു റേഡിയോ കോളർ സിഗ്നൽ കിട്ടിത്തുടങ്ങി. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് നിലവിൽ ആന. ഇവിടേയ്ക്കു കൂടുതൽ പൊലീസ് സംഘമെത്തി. ചാലിഗദ്ദയിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പടമല സ്വദേശിയായ അജീഷ് ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.