
ന്യൂഡല്‍ഹി: മയക്കുവെടിവെച്ച തണ്ണീര്‍ കൊമ്പന്‍ ചെരിഞ്ഞ സംഭവത്തില്‍ കേരളത്തിനെതിരെ മേനകാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നിരവധിപേര്‍ വിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനകാ ഗാന്ധിയുടെ വിമര്‍ശനം എത്തുന്നത്.
കേരളത്തിലെ വനംവകുപ്പിന്റേത് ഉത്തരവാദിത്വമില്ലാത്ത സമീപനമാണെന്നും രണ്ടാഴ്ച്ചയ്ക്കിടെ ഒരു ആനയെ വനംവകുപ്പ് കൊല്ലുന്നുവെന്നുമാണ് മേനകയുടെ പ്രധാന വിമര്‍ശനം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ക്രൂരമായ പെരുമാറ്റവുമാണ് ഇതിന് കാരണമാകുന്നതെന്നും അവര്‍ വിമര്‍ശിച്ചു.
നേരത്തേ കരടിയേയും പുലിയേയും കൊന്നുതള്ളിയപ്പോള്‍ ഒരു ഉദ്യോഗസ്ഥനെതിരേയും യാതൊരു നടപടിയും എടുത്തില്ലെന്നും ഇതാണ് തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്നും അവര്‍ ആരോപിച്ചു. കേരള വനം വകുപ്പിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും എച്ച് ഒ ഡിയും യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കിയാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.