കലാപത്തിന് കാരണമായ വിവാദ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി തിരുത്തി; മെയ്തി വിഭാഗത്തിന് പട്ടികവർഗ സംവരണമില്ല

മണിപ്പൂർ കലാപത്തിന് കാരണമായ 2023 മാർച്ച് 27ലെ കോടതിവിധി മണിപ്പുർ ഹൈക്കോടതി തിരുത്തി. മെയ്തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിധിയിലെ ഖണ്ഡികയാണ് ഇപ്പോൾ എടുത്ത് മാറ്റിയത്. നിയമത്തെ മനസിലാക്കിയതിലുള്ള അപാകത കാരണമാണ് ഈ വിധി വന്നതെന്നും അതിനാലാണ് ഈ ഖണ്ഡിക എടുത്ത് മാറ്റുന്നതെന്നാണ് ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലു അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. 

മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ കുക്കി വിഭാഗത്തിൽ നിന്നുള്ളവർ രംഗത്തെത്തിയിരുന്നു. അത് കോടതി തള്ളിയിരുന്നു. തുടർന്ന് പ്രസ്താവിച്ച വിധിയെ തുടർന്നാണ് കഴിഞ്ഞ മെയ് മാസം മണിപ്പൂരിൽ വംശീയകലാപം ആരംഭിക്കുന്നത്. നൂറുകണക്കിന് പേരുടെ ജീവനെടുത്ത കലാപം ഇപ്പോഴും തുടരുകയാണ്.

റിട്ട് ഹർജി പരിഗണിക്കുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടു എന്നും നിയമത്തെ തെറ്റിദ്ധരിച്ചതിലൂടെയാണ് വിധി ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു. പട്ടികവർഗ വിഭാഗത്തിലേക്ക് ആരെയെങ്കിലും ഉൾപ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള അധികാരം കോടതിക്കില്ല എന്ന് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര വേഴ്സസ് മിലിന്ദ് ആൻഡ് ഓർസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുമ്പത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന എം വി മുരളീധരനാണ് 2023 മാർച്ച് 27ന് വിവാദ ഉത്തരവ് പുറപ്പെടുവിക്കുന്നത്. കാര്യങ്ങൾ സങ്കീർണമായപ്പോൾ സുപ്രീംകോടതി തന്നെ സ്വമേധയാ കേസിൽ ഇടപെട്ടിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് മുരളീധരനെ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Manipur high court deletes order that sparked ethnic violence

More Stories from this section

family-dental
witywide