ന്യൂഡല്‍ഹി: അശാന്തിയുടെ പുകയടങ്ങാതെ മണിപ്പൂര്‍ . സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
അമിത്ഷായെ സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. എന്തോ ചില കാരണങ്ങളാല്‍ അമിത് ഷാക്ക് മുന്നിലും തടസങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
5000 അംഗങ്ങള്‍ ഉള്ള 50 കമ്പനി കേന്ദ്രസേനയെ കൂടി ഉടന്‍ വിന്യസിക്കാനാണ് ഇന്നലെ തീരുമാനിച്ചത്. മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണവും, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമവും എന്‍ഐഎ അന്വേഷിക്കും.
അതേസമയം, ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. ജിരിബാം ജില്ലയില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ 10 കുക്കി-സോ യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുക്കി സംഘടനകള്‍ ചൊവ്വാഴ്ച ചുരാചന്ദ്പൂരില്‍ ‘ശവപ്പെട്ടി റാലി’ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സോമി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (സെഡ്എസ്എഫ്), കുക്കി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (കെഎസ്ഒ), എച്ച്മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (കെഎസ്ഒ) എന്നിവര്‍ സംയുക്തമായാണ് റാലി നടത്തുക. മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവരോടുള്ള ആദര സൂചകമായി റാലിയില്‍ 10 പ്രതീകാത്മക ശവപ്പെട്ടികള്‍ കൊണ്ടുപോകുമെന്ന് സംഘാടകരിലൊരാള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.