കൊച്ചി: നടിയുടെ ആരോപണങ്ങളിൽ മണിയൻ പിള്ള രാജുവിന് ആശ്വാസം. മണിയൻ പിള്ള രാജുവിന് സ്റ്റേഷനിൽ ഹാജരായി ജാമ്യം തേടാം എന്ന് കോടതി ഉത്തരവിട്ടു. ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം എന്ന് പ്രോസിക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി. ഇതോടെ മണിയൻ പിള്ള രാജുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. എന്നാൽ മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാളേ ഉണ്ടാകു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയാമെന്ന് വ്യക്തമാക്കി.
പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടികൾ രഹസ്യ മൊഴികളടക്കം നൽകിയ സാഹചര്യത്തിൽ മുൻ കൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം വാദിക്കുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.