ന്യൂജഴ്സി: ഫൊക്കാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. സജിമോൻ ആന്റണിക്ക് അവിസ്മരണീയ സ്വീകരണം നൽകി. ന്യൂജഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ സുഹൃത്തുക്കളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അവിസ്മരണീയമായ ഈ പ്രോഗ്രാം സ്പോൺസർ ചെയ്തതും അവർ തന്നെ.
ചെണ്ട മേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ കുതിര പുറത്താണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണിയെ സ്വീകരിച്ചു കൊണ്ടുവന്നത്. ഇതുവരെയുള്ള ഒരു ഫൊക്കാന പ്രസിഡന്റുമാർക്കും ലഭിക്കാത്ത സ്വീകരണമാണ് ന്യൂജഴ്സിയിൽ അരങ്ങേറിയത്.
യുവാക്കളുടെ സാന്നിധ്യം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും തികച്ചും വ്യത്യസ്തത പുലർത്തുന്നതായിരുന്നു സ്വീകരണ പരിപാടി. പരിപാടികൾ രാത്രി 9.30വരെ നീണ്ടുനിന്നു.
സ്‌നേഹം, ഒരുമ, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറുമെന്നും അങ്ങനെയുള്ള ഒരു ആഘോഷമായിരുന്നു ഒരുക്കിയത് എന്നും മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജു അഭിപ്രായപ്പെട്ടു.
ഡോ. ഷൈനി രാജു, മഞ്ച് ട്രസ്റ്റി ബോർഡ് ചെയറും ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ഷാജി വർഗീസ്, ഉമ്മൻ ചാക്കോ, ഷിബുമോൻ മാത്യു , അനീഷ് ജോൺസ്, രഞ്ജിത് പിള്ള, ഷിജിമോൻ മാത്യു, മനോജ് വട്ടപ്പള്ളിൽ, ആന്റണി കല്ലുകാവുങ്കൽ, ലിൻഡോ മാത്യു തങ്കച്ചൻ ജോസഫ്, ആൽബർട്ട് കണ്ണമ്പള്ളി, അരുൺ ചെമ്പരത്തി എന്നിവർ നേതൃത്വത്തിലും സ്പോൺസർഷിപ്പിലുമാണ് പരിപാടികൾ നടന്നത്.
സ്വീകരണ പരിപാടി ഒരുക്കിയ മഞ്ചിന്റെ ഭാരവാഹികളോടും സുഹൃത്തുക്കളോടും സജിമോൻ ആന്റണി നന്ദി രേഖപ്പെടുത്തി. ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ, ജോർജി വർഗീസ്, ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാനയുടെ മുൻ ഭാരവാഹികൾ, ഇപ്പോഴത്തെ ഭാരവാഹികൾ ഇതിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സജിമോൻ ആന്റണി അറിയിച്ചു .