കൊച്ചി: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ലോറിയും മൃതദേഹ ഭാഹങ്ങളും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ രംഗത്ത്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ല എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമയെന്നും പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മഞ്ജു കുറിച്ചിട്ടുണ്ട്.
അതേസമയം ഗംഗാവാലി പുഴയിലെ ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം ഡി എൻ എ പരിശോധന നടത്താതെ കുടുംബത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയ്ൽ വ്യക്തമാക്കി. ബാംഗ്ലൂരുവിൽ വെച്ചാകും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും കുടുംബത്തിന് വിട്ടുകൊടുക്കലെന്നും എംഎൽഎ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് ഗംഗാവാലി പുഴയിൽ നിന്ന് അർജുന്‍റെ ലോറിയും ക്യാബിനുള്ളിൽ മൃതദേഹ ഭാഗങ്ങളുമടക്കം നേവി കണ്ടെത്തിയത്. ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് – അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. തിരച്ചിലിന്‍റെ നിരവധി ഘട്ടങ്ങൾക്ക് ശേഷം 72-ാം ദിവസമാണ് ലോറി ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെത്തിയത്.