കോഴിക്കോട്: ജനങ്ങളുടെ സ്‌നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് നടി മഞ്ജു വാര്യർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിൽ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യരുടെ പ്രതികരണം. കോഴിക്കോട് ഒരു സ്വകാര്യ പരിപാടിക്കിടെയായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. നടന്‍ ടൊവിനോ തോമസും വേദിയിലുണ്ടായിരുന്നു.
“ഞാനും ടൊവിനോയുമെല്ലാം ഇന്നിവിടെ വന്ന് നിൽക്കാൻ കാരണം മലയാള സിനിമയാണ്. മലയാള സിനിമ സങ്കടകരമായ ഘട്ടത്തിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം ഞങ്ങളും മലയാള സിനിമയും നിലനില്‍ക്കും, മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. കാർമേഘങ്ങളൊക്കെ ഒഴിയട്ടെ… എല്ലാം കലങ്ങിതെളിയട്ടെ,” മഞ്ജുവാര്യർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വിവാദങ്ങൾക്കിടെ സിനിമയുടെ ലൊക്കേഷനില്‍ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജുവിനും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അഞ്ചേമുക്കാല്‍ കോടി നഷ്ടപരിഹാരം ആവശ്യപ്പൈട്ടാണ് നോട്ടിസ് അയച്ചത്.