അനിവാര്യമായ വ്യക്തതവരുത്തല്‍ – ഒറ്റവരിയില്‍ പ്രതികരണം, WCCയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് മഞ്ജു വാര്യര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുത്തുവന്നതിനു പിന്നാലെ ആരംഭിച്ച ചര്‍ച്ചകള്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നേരിടുന്നതിനിടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു.സി.സി) ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച് നടി മഞ്ജു വാര്യരും രംഗത്ത്.

‘അനിവാര്യമായ വിശദീകരണം’ എന്ന കുറിപ്പോടെ പവര്‍, ലൗ ഇമോജികളോടെയാണ് മഞ്ജു ഡബ്ല്യു സി സിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്നങ്ങളുമില്ല എന്ന തരത്തില്‍ മൊഴി നല്‍കിയത് ഞെട്ടിച്ചു എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ക്ക് സൈബര്‍ ആക്രമണം തുടങ്ങിയത്. എന്നാല്‍ വാര്‍ത്തകളെല്ലാം തള്ളുന്ന തരത്തിലായിരുന്നു ഡബ്ല്യുസിസി പോസ്റ്റ് പങ്ക് വെച്ചത്.

മഞ്ജുവിനെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള പോസ്റ്റില്‍ സൈബര്‍ ആക്രമണങ്ങളെ അപലപിക്കുന്നു എന്നും അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗമെന്നും പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്ക് വെക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു പോസ്റ്റിന്റെ തുടക്കം.

‘250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ഹൈലൈറ്റുകള്‍ ‘ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി,’ എന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നും പോസ്റ്റില്‍ ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റാണ് മഞ്ജു ഷെയര്‍ ചെയ്തിരിക്കുന്നത്.

More Stories from this section

family-dental
witywide