
കൊച്ചി: ഈ വർഷത്തെ മലയാളം ബ്ലോക്ക് ബസ്റ്റർ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് നടപടി. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും നിർമാതാക്കളിലൊരാളായ ഷോൺ ആന്റണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം.
സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ സിറാജ് രംഗത്തുവന്നതോടെ മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചിലരും ഇ.ഡി സമീപിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പരിശോധിക്കും.