കൊച്ചി: തമിഴ് ചലച്ചിത്രമായ ഗുണയിലെ ‘കൺമണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട്.
ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നൽകിയെന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ടുകോടി ആയിരുന്നു ഇളയരാജ ആവശ്യപ്പെട്ടത്.
സിനിമ വൻ വിജയമായതിൽ തന്റെ പാട്ടിനും പങ്കുണ്ടെന്നും, പാട്ട് ഉപയോഗിക്കാൻ സമ്മതം വാങ്ങിയിരുന്നില്ലെന്നും കാണിച്ച് രണ്ടു കോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരുന്നു എന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കളുടെ വാദം. എന്നാൽ ഇളയരാജ ഇത് അംഗീകരിച്ചില്ല.
1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ ‘ഗുണ’ യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ വലിയ രീതിയിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ ഗാനം വീണ്ടും കയ്യടി നേടി.