വിട പറഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തലവര മാറ്റിയ ധിഷണാശാലി, 10 വർഷം ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു

ന്യൂഡൽഹി: ഇന്ത്യയെ 10 വർഷത്തോളം മുന്നിൽ നിന്ന് നയിച്ച മഹാവ്യക്തിയായിരുന്നു മൻമോഹൻ സിങ്. പ്രധാനമന്ത്രിയായും ധനമന്ത്രിയായും റിസർവ് ബാങ്ക് ​ഗവർണറായും സാമ്പത്തിക രം​ഗത്തെ ഉടച്ചുവാർത്ത ഇന്ത്യ കണ്ട എക്കാലത്തെയും ധിഷണശാലിയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉലഞ്ഞപ്പോൾ, ഉദാരവത്കരണ, ആ​ഗോളവത്കരണ നയങ്ങളിലൂടെ സാമ്പത്തിക രം​ഗത്തെ മാറ്റത്തിന് ചുക്കാൻ പിടിച്ചു.

അക്കാദമിക രം​ഗത്തെ ജ്വലിച്ച് നിന്ന കാലത്താണ് 1991 ൽ പ്രധാനമന്ത്രി നരസിംഹറാവു റിസർവ് ബാങ്ക് ​ഗവർണറായിരുന്ന മൻമോഹനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. ധനമന്ത്രിയായി ചുമതലയേറ്റ മൻമോഹൻ, സാമ്പത്തിക പരിഷ്കരണത്തിലൂടെ രാജ്യത്തെ സുപ്രധാന ഘട്ടത്തിലേക്ക് നയിച്ചു. അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രി സ്ഥാനവും. 2004ൽ വൻവിജയത്തോടെ യുപിഎ അധികാരത്തിലേറിയപ്പോൾ സോണിയാ​ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, രാജ്യത്തെ മുന്നോട്ട് നയിക്കാൻ സോണിയ ഏൽപ്പിച്ചതാകട്ടെ മൻമോഹൻ സിങ്ങിനെയും. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 2009 ൽ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്സഭയിൽ അംഗമായിട്ടില്ല.

സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് ഐഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളിലൂടെയും നിയമങ്ങളിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം യുപിഎ കാലത്തെ 2ജി, കോമൺവെൽത്ത്, കൽക്കരി കുംഭകോണങ്ങളാണ് ഭരണകാലത്തെ തിരിച്ചടികൾ.

സർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. ആഡംസ്‌മിത്ത് പുരസ്‌കാരം (കേംബ്രിജ് സർവകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി പുരസ്കാരം, മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Manmohan Singh, The man who changed Indian economy

More Stories from this section

family-dental
witywide