ന്യൂഡൽഹി: ലക്ഷദ്വീപിനെ കൂടുതൽ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന മറ്റ് റൂട്ടുകൾക്കൊപ്പം ഒരു പുതിയ പ്രാദേശിക എയർലൈൻ ഈ ആഴ്ച ആരംഭിക്കും. മലയാളിയായ മനോജ് ചാക്കോയുടെ വിമാനകമ്പനി ഫ്ലൈ 91ന് ഡിജിസിഎ എയർ ഓപ്പറേറ്റർ പെർമിറ്റ് അനുവദിച്ചു.
സർവീസുകളുടെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ചാക്കോ അറിയിച്ചു. എമിറേറ്റ്സിലും കിങ്ഫിഷറിലും ജോലി ചെയ്ത് പരിചയമുള്ള മനോജ് ചാക്കോ തന്നെയാവും പുതിയ വിമാന കമ്പനിയെ നയിക്കുക. മനോജ് ചാക്കോയുടെ കാലത്താണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈനായി കിങ്ഫിഷർ വളർന്നത്.
എ.ടി.ആറിന്റെ 72-600 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. സെപ്റ്റംബറിൽ നാലെണ്ണം കൂടി ലഭിക്കും അതിനുശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം ആറ് ടർബോപ്രോപ്പുകൾ ചേർക്കാനാണ് പദ്ധതി. ദുബായ് എയ്റോ സ്പേസിൽ നിന്നും കമ്പനി വിമാനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാവും കമ്പനിയുടെ പ്രവർത്തനം.
കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതിയിൽ വരുന്ന റൂട്ടുകളാണ് വിമാന കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. സിന്ധുദുർഗ്, ജൽഗാവ്, നന്ദേഡ്, അഗത്തി എന്നീ സ്ഥലങ്ങളിലേക്ക് ബംഗളൂരു, പൂണെ, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും സർവീസുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് ഫ്ലൈ 91 ഒരുങ്ങുന്നത്. 30 വിമാനങ്ങളും ഇക്കാലയളവിൽ കമ്പനി കൂട്ടിച്ചേർക്കും.