ഹൂസ്റ്റണ്‍: ബംഗ്ലാദേശിലെ ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് ഇസ്ലാമിക വാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ അമേരിക്കയില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. ഇന്ത്യന്‍ അമേരിക്കക്കാരും ബംഗ്ലാദേശ് വംശജരായ ഹിന്ദുക്കളും ഞായറാഴ്ച രാവിലെ ഹൂസ്റ്റണിലെ ഷുഗര്‍ ലാന്‍ഡ് സിറ്റി ഹാളിലാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.
കൂടുതല്‍ അതിക്രമങ്ങള്‍ തടയുന്നതിനും ബംഗ്ലാദേശിലെ ദുര്‍ബലരായ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിനും ഉടനടി നിര്‍ണായകമായ നടപടി സ്വീകരിക്കണമെന്ന് സംഘാടകര്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഹിന്ദു സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിക്കുന്നതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഉടനടി സംരക്ഷണവും സുരക്ഷയും വേണമെന്നും ബംഗ്ലാദേശില്‍ ഇത്രയും കുറ്റകൃത്യങ്ങള്‍ അരങ്ങേറുമ്പോള്‍ യു.എസ് നിശ്ശബ്ദത പാലിക്കുന്നതിലും വിമര്‍ശനം ഉയര്‍ന്നു. മൈത്രി, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, ഹിന്ദുആക്ഷന്‍, ഹിന്ദുപാക്റ്റ്, ഹൂസ്റ്റണ്‍ ദുര്‍ഗാബാരി സൊസൈറ്റി, ഇസ്‌കോണ്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ഹ്യൂസ്റ്റണ്‍ ഹിന്ദു ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബല്‍ വോയ്സ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് ആണ് ‘സേവ് ഹിന്ദുസ് ഇന്‍ ബംഗ്ലാദേശ്’ എന്ന പേരില്‍ ഈ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.