മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര സംവിധായകൻ ബ്ലെസി

ഫിലഡൽഫിയ: അമേരിക്ക ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ചലച്ചിത്ര സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു .യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യ പ്രസംഗം നടത്തി.

നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ ഭേദമന്യേ സംഗമോത്സവ്‘24 എന്ന പേരിലായിരുന്നു ഇക്കുറി ഓണാഘോഷം. സെപ്റ്റംബർ 7 ശനിയാഴ്ച 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങൾ നിരന്നു.

മലയാളത്തിന്‍റെ തനത് കലാരൂപങ്ങളും. മലയാളിത്തിന്‍റെ പ്രിയ സംവിധായകൻ ബ്ലെസ്സിയും എത്തിയതോടെ ആഘോഷം വേറിട്ട അനുഭവമായി. വാഴയിലയിൽ വിളമ്പിയ രുചിയേറിയ ഓണസദ്യയോടെ പരിപാടി അവസാനിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ലഭിച്ച മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് മാപ്പ് പ്രസിഡന്റ്‌ ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ, ട്രഷറർ ജോസഫ് കുരുവിള എന്നിവർ പറഞ്ഞു.