സിറോ – മലബാർ സഭയുടെ പുതിയ തലവനായി തെലങ്കാനയിലെ ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിലിനെ സിനഡ് തിരഞ്ഞെടുത്തു. മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. സഭയുടെചരിത്രത്തിലെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ തട്ടിൽ. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നാളെയാകും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക.
തൃശ്ശൂരിലായിരുന്നു റാഫേൽ തട്ടിലിന്റെ ജനനം. 1956 ഏപ്രിൽ 21 ന് ജനിച്ച അദ്ദേഹം തൃശ്ശൂര്‍ പുത്തൻപള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ – ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി.
റോമിൽ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാര്‍ സഭയിൽ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രിൽ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നൽകി. പിന്നീട് തൃശ്ശൂര്‍, ബ്രൂണി രൂപതകളിൽ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബര്‍ 10 ന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേൽ തട്ടിൽ പ്രതികരിച്ചു. ഒന്നിച്ചു ചേർന്നു നിൽക്കണം, ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേൽ തട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
Mar Rafael Thattil is the new major Arch bishop of Syro Malabar Church