കൊച്ചി: സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ലളിതമായ ചടങ്ങിലാണ് മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റത്. സിറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
മെത്രാന്‍മാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയര്‍മാരും ഉള്‍പ്പെടെ ചെറിയൊരു സദസ് മാത്രമാണ് സ്ഥാനാരോഹണത്തിനു സാക്ഷ്യം വഹിച്ചത്. നിലവില്‍ ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍.
മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 1980 ലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യം സ്വീകരിക്കുന്നത്. മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കുര്‍ബാന തര്‍ക്കം ഉള്‍പ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷത്തിലാണ് തൃശ്ശൂരുകാര്‍.
തൃശൂര്‍ പുത്തന്‍പ്പള്ളി എന്ന പേരില്‍ പ്രസിദ്ധമായ വ്യാകുല മാതാവിന്റെ ബസലിക്കയുടെ സമീപത്താണ് തട്ടില്‍ പിതാവിന്റെ വീട്. തൃശ്ശൂര്‍ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം. ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണലാണ് തന്റെ ലക്ഷ്യമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും തങ്ങളെ കേള്‍ക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നുമായിരുന്നു വിമത വിഭാഗത്തിന്റെ പ്രതികരണം.