‘വിവേകനാന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ച് നടി മറീന മൈക്കിള്‍. ഷൈന്‍ ടോമും മറീന മൈക്കിളും ഗ്രേസ് ആന്റണിയുമാണ് അഭിമുഖത്തിലുണ്ടായിരുന്നത്. പുരുഷന്മാര്‍ക്ക് സിനിമ സെറ്റില്‍ കാരവനും താന്‍ അടക്കമുള്ളവര്‍ക്ക് ബാത്ത്റൂം പോലുമില്ലാത്തതിനെ കുറിച്ച് മറീന പറഞ്ഞിരുന്നു. ഇതിനെതിരെ ഷൈന്‍ ശബ്ദമുയര്‍ത്തി സംസാരിക്കുകയും പുരുഷന്മാര്‍ എന്ന് മൊത്തത്തില്‍ പറയാന്‍ പാടില്ലെന്ന് പറയുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് മെറീന മൈക്ക് താഴെ വെച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഈ വീഡിയോയാണ് വിവാദമായത്. വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് തനിക്കു നേരെ ഉണ്ടാകുന്നതെന്നാണ് മറീന പറയുന്നത്. താന്‍ സിനിമയിലുള്ള എല്ലാ പുരുഷന്മാരെയും കുറിച്ചല്ല പറഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവമാണ് വ്യക്തമാക്കിയതെന്നും മറീന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
മറീനയുടെ വാക്കുകള്‍:
‘എനിക്ക് ഒരുപാട് വിഷമം തോന്നിയ വിഷയത്തില്‍ പ്രതികരിക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തില്‍ ചെയ്‌തൊരു ചര്‍ച്ചയാണത്. ഞാന്‍ എന്താണ് പറയാന്‍ വന്നതെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന പ്രതികരണം, ഞാന്‍ ആണുങ്ങള്‍ക്ക് എതിരെ പറഞ്ഞു, ഇവള്‍ ഫെമിനിസ്റ്റ് ആണ്, വിക്ടിം കാര്‍ഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്. ഞാന്‍ എല്ലാ ആണുങ്ങളും എന്ന് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈന്‍ ടോം ചാക്കോയെ പോലുമല്ല ഞാന്‍ ഉദ്ദേശിച്ചത്. വ്യക്തിപരമായി ഏതെങ്കിലും ആര്‍ട്ടിസ്റ്റിനോ നിങ്ങള്‍ക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ഞാന്‍ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിന് ചെന്ന സമയത്ത് എനിക്ക് പീരിയഡ്‌സായി. സ്വാഭാവികമായും നല്ലൊരു മുറി ഉണ്ടെങ്കില്‍ പോലും നല്ലൊരു ബാത്‌റൂം കൂടി വേണമെന്ന് നമ്മള്‍ ആ?ഗ്രഹിക്കുമല്ലോ. ശാരീരികമായി അത്രയും ബുദ്ധിമുട്ടുന്ന സമയം. ആദ്യ ദിവസം മുറിയില്‍ കത്യമായ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കള്‍ക്ക് അവര്‍ കാരവാന്‍ കൊടുത്തു. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ കാരവാന്‍ ഉപയോ?ഗിക്കാന്‍ പറഞ്ഞു. പക്ഷേ എനിക്കത് കണ്‍ഫര്‍ട്ടബിളായി തോന്നിയില്ല. കാരണം അവര്‍ക്ക് കൊടുത്തതാണല്ലോ.
ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാര്‍ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ ഹോട്ടലിന് താഴെ ഫുള്‍ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവര്‍ ചേട്ടനോട് ഞാന്‍ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിന്‍ ആണ് എന്റെ അസിസ്റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാന്‍ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തോന്നിയാല്‍ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവില്‍ ക്രുവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാന്‍ ഒരു പരാതി പറഞ്ഞാല്‍ അവരെന്താ ചോദിക്കാ, നിങ്ങള്‍ വേണമെങ്കില്‍ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്.
അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടുമൊക്കെയാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ ആണുങ്ങളെല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് സിനിമയില്‍ മാന്യമായും നല്ല രീതിയില്‍ പെരുമാറിയതുമായ ഒരുപാട് പേരുണ്ട്. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്.
ഇതൊക്കെ അംഗീകരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍, എഴുന്നേറ്റ് പോകുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഞാന്‍ ബോള്‍ഡാണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാന്‍ ബോള്‍ഡൊന്നും അല്ല. ഭയങ്കര സെന്‍സിറ്റീവ് ആണ്. വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാന്‍ സര്‍വൈവ് ചെയ്ത് പോകുന്നത്. ആള്‍ക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്ത പേഴ്‌സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെല്‍പ് ചെയ്തിട്ടുണ്ട്.’