ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത സാഗല്ലോ ഫുട്ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു.

ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍ ബ്രസീലിനെ പ്രതിഷ്ഠിച്ച അവരുടെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് വിടവാങ്ങിയത്. 1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സാഗല്ലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകന്റെ കുപ്പായമണിഞ്ഞതും സാഗല്ലോയായിരുന്നു. 94ല്‍ ബ്രസില്‍ കിരീടം നേടുമ്പോഴും ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം.

ബ്രസീല്‍ 1958ല്‍ ആദ്യ കിരീടം നേടിയതുമുതല്‍ 2014ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് വരെ രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ സാഗല്ലോ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബ്രസീല്‍ ടീം അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. 1931 ല്‍ ജനിച്ച സഗാലോയുടെ സ്വപ്നം പൈലറ്റാവണമെന്നായിരുന്നു. എന്നാല്‍ കാഴ്ചപരിമിതി ആ സ്വപ്നം തകര്‍ത്തു. അങ്ങനെ യാദൃച്ഛികമായി ഫുട്ബോള്‍ താരമായ ചരിത്രമാണ് സഗാലോയുടേത്.

‘ഫുട്ബോള്‍ ഒരു പ്രൊഫഷനോ അതിന് സമൂഹത്തില്‍ ഒരു വലിയ അംഗീകാരമോ ഒന്നും കിട്ടാതിരുന്ന കാലത്ത് തികച്ചും യാദൃച്ഛികമായി ഫുട്ബോള്‍ ലോകത്തേക്ക് വന്നതാണെന്നാണ് അദ്ദേഹം ഒരിക്കല്‍ കരിയറിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ബ്രസില്‍ ഫുട്ബോളിലെ മഹാനായ നായകന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് പറഞ്ഞു.

More Stories from this section

family-dental
witywide