ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ പ്ലാറ്റ്‌ഫോമിൻ്റെ സി ഇ ഒയുമായ മാർക്ക് സക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ ധനികനായി മാറി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്നാണ് സക്കർബർഗ് നേട്ടം സ്വന്തമാക്കിയത്.
മെറ്റയുടെ മികച്ച പ്രകടനവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ), ഓഗ്‌മെൻ്റഡ് റിയാലിറ്റി (എ ആർ) എന്നിവയിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തിലുള്ള നിക്ഷേപകരുടെ ശക്തമായ വിശ്വാസവുമാണ് സക്കർബർഗിന് തുണയായത്. സക്കർബർഗിന്‍റെ ആസ്തി 206.2 ബില്യൺ ഡോളറായി ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച Q2 ഫലങ്ങൾ മുതൽ മെറ്റയുടെ ഓഹരി വിലയിലുണ്ടായ 23% വർധനയാണ് സക്കർബർഗിൻ്റെ സമ്പത്തിൽ നാടകീയമായ വർദ്ധനവിന് കാരണമായത്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് സക്കർബർഗിൻ്റെ രണ്ടാം സ്ഥാനത്തേക്ക് ഉയരുന്നത്.
കഴിഞ്ഞ മാസം അവതരിപ്പിച്ച ഓറിയോൺ ഓഗ്‌മെൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ ഉൾപ്പെടെയുള്ള ദീർഘകാല പ്രോജക്റ്റുകളുമായി മുന്നോട്ട് കുതിക്കുകയാണ് മെറ്റ. ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് എത്താൻ ഇലോൺ മസ്‌ക് മാത്രമാണ് ഇനി സക്കർബർഗിൻ്റെ മുന്നിലുള്ളത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കിനെക്കാൾ ഏകദേശം 50 ബില്യൺ ഡോളറിന്റെ വ്യത്യാസമാണ് മാർക്ക് സക്കർബർഗിനുള്ളത്.