സെലിബ്രിറ്റികളുടെ പ്രണയം, വിവാഹം, കുടുംബം എല്ലാം നാട്ടുകാരുടെ ഇഷ്ടവിഷയമാണല്ലോ. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തൻ്റെ ഭാര്യക്കായി ഒരിക്കിയിരിക്കുന്ന പാട്ടാണ് ഇപ്പോൾ നാട്ടിലെങ്ങും പാട്ടായിരിക്കുന്നത്.
ഭാര്യയോടുള്ള പ്രണയം ഒളിച്ചുവയ്ക്കാത്ത ഭര്‍ത്താവാണ് മെറ്റ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഭാര്യ പ്രിസില്ല ചാനിനോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല അദ്ദേഹം.
പ്രിസില്ലയ്ക്കായി ഒരു ഗായകനായി മാറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ടി-പെയ്‌നുമായി ചേര്‍ന്നാണ് സക്കര്‍ബര്‍ഗ് ഭാര്യയ്ക്കുവേണ്ടി ‘സര്‍പ്രൈസ്’ ഗാനമൊരുക്കിയത്. പാട്ടിനുവേണ്ടി താന്‍ നടത്തിയ അധ്വാനവും പ്രണയകാലത്തെ ഫോട്ടോകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട് സക്കര്‍ബര്‍ഗ്.
20 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസില്ലയെ കോളജില്‍ കണ്ടുമുട്ടുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ കേട്ടിരുന്ന ‘ഗെറ്റ് ലോ’ എന്ന പാട്ടാണ് പ്രിസില്ലയ്ക്കുവേണ്ടി സക്കര്‍ബര്‍ഗ് പാടിയത്. വരികള്‍ തന്റെ പ്രണയിനിയുടെ പേരും തങ്ങളുടെ പ്രണയകാലവുമായി ബന്ധപ്പെടുത്തി മാറ്റിയിട്ടുമുണ്ട്. പാട്ടുകേട്ട് സന്തോഷമടക്കാനാവാതെയിരിക്കുന്ന പ്രിസില്ലയുടെ വിഡിയോകളും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭാര്യയോടുള്ള പ്രണയം അല്‍പം പോലും കുറയാതെ സൂക്ഷിക്കുന്ന സക്കര്‍ബര്‍ഗ് ഒരു ‘പെര്‍ഫെക്ട്’ കാമുകനാണ് എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.
പാട്ട് തന്നെ 20 വര്‍ഷം പുറകോട്ട് കൊണ്ടുപോയെന്നും എത്രയെത്ര പ്രിയപ്പെട്ട ഓര്‍മകളാണ് ഒരുനിമിഷം കൊണ്ട് ആ പാട്ട് തനിക്ക് സമ്മാനിച്ചതെന്നും പ്രിസില്ല പറയുന്നു. ‘ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രണയാതുരമായ കാര്യം ഇതല്ലേ’യെന്ന് സക്കര്‍ബര്‍ഗ് ചോദിക്കുന്നതും ‘അതേ’യെന്ന പ്രിസില്ലയുടെ മറുപടിയുമൊക്കെയായി ഇന്ന് ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും മനോഹരമായ പ്രണയം എന്നാണ് പോസ്റ്റിനുതാഴെയുള്ള കമന്റുകള്‍.
2003-ല്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് സക്കര്‍ബര്‍ഗും പ്രിസില്ലയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നീണ്ടനാളത്തെ പ്രണയത്തിനുശേഷം 2012-ലാണ് ഇരുവരും വിവാഹിതരായത്. മാക്‌സിമ, ഓഗസ്റ്റ്, ഒറേലിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.
Mark Zuckerberg love song for his wife becomes viral