എന്‍.ആര്‍.ഐകളും ഇന്ത്യന്‍ പൗരന്മാരും തമ്മിലുള്ള വിവാഹം ഇന്ത്യയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; നിയമ കമ്മീഷന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: എന്‍ആര്‍ഐകളും ഇന്ത്യന്‍ പൗരന്മാരും തമ്മിലുള്ള എല്ലാ വിവാഹങ്ങളും ഇന്ത്യയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

തെറ്റായ ഉറപ്പുകള്‍, തെറ്റിദ്ധരിപ്പിക്കല്‍, ഉപേക്ഷിക്കല്‍ തുടങ്ങിയവ തടയാനാണ് പുതിയ ശുപാര്‍ശ. ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ നിയമ-നീതി മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്.

‘എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുമ്പോള്‍ പലപ്പോഴും വഞ്ചനാപരമായ വിവാഹങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നും ഇത്തരം വിവാഹങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമായ പ്രവണതയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ഇന്ത്യന്‍ ഇണകളെ, പ്രത്യേകിച്ച് സ്ത്രീകളെ, അപകടകരമായ അവസ്ഥകളിലേക്ക് നയിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമത്തില്‍ വിവാഹമോചനം, ജീവിതപങ്കാളിയുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും സമന്‍സ്, വാറന്റുകള്‍ അല്ലെങ്കില്‍ ജുഡീഷ്യല്‍ രേഖകള്‍ എന്നിവ നല്‍കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും പാനല്‍ ശുപാര്‍ശ ചെയ്തു. 1967-ലെ പാസ്പോര്‍ട്ട് നിയമത്തില്‍ വൈവാഹിക നില പ്രഖ്യാപിക്കുന്നതിനും പങ്കാളിയുടെ പാസ്പോര്‍ട്ട് മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിനും ഇരുവരുടെയും പാസ്പോര്‍ട്ടില്‍ വിവാഹ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും ലോ പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide