ഡല്‍ഹി: എഐയുഡിഎഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ എംപിക്കെതിരെ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിന് മുമ്പായിരിക്കണമെന്നാണ് ഹിമന്ത ശർമ ബദ്‌റുദ്ദീന്‍ അജ്മലിനോട് പറഞ്ഞത്. തിരഞ്ഞെടുപ്പിനു ശേഷമാണ് വിവാഹം കഴിക്കുന്നതെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ഹിമന്തയുടെ പരാമർശം. ഏക സിവിൽ കോഡ് നടപ്പാക്കുന്നതോടെ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നത് നിയമവിരുദ്ധമാകും. അതിനാലാണ് വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിന് മുമ്പ് വേണമെന്ന് അസം മുഖ്യമന്ത്രി എഐയുഡിഎഫ് നേതാവിനോട് പറഞ്ഞത്.
ബിജെപിക്കെതിരെ സംസാരിക്കുന്നതിനിടെ അടുത്തിടെ അജ്മല്‍ എംപി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായാണ് ഹിമന്ത ശര്‍മയുടെ പ്രതികരണം. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മുസ്ലിംകളെ പ്രകോപിപ്പിക്കുകയാണ് ബിജെപിയെന്നും വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ ആര്‍ക്കും അത് തടയാനാവില്ലെന്നും മതം അത് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.