ഫീനിക്സ്/ലോസ് ഏഞ്ചല്‍സ്: ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിനേഴാമത് ദ്വൈവാര്‍ഷിക ഭദ്രാസന കോണ്‍ഫറന്‍സിന് അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ 11ന് തുടക്കമാകും. അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം, കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ. ഗീവര്‍ഗീസ് കൊച്ചുമ്മല്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് മാത്യു, ട്രഷറാര്‍ വര്‍ഗീസ് ജോസഫ്, അസംബ്ലി മെമ്പര്‍ വിനോത് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
'വെല്ലുവിളികള്‍ നിറഞ്ഞ ലോകത്ത് ദൈവത്തിന്റെ ദൗത്യം' എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങള്‍ നല്‍കപ്പെടും. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, മാര്‍ത്തോമ്മാ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേദശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. പ്രകാശ് കെ. ജോര്‍ജ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് 22 ഓളം കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കുര്യന്‍ വര്‍ഗീസ് – പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, രാജന്‍ ഏബ്രഹാം – ട്രഷറര്‍, റെജി മാത്യു – ഗതാഗതം, ലിജിന്‍ മാത്യു – ഫുഡ്, അനു ജോര്‍ജ് – രജിസ്ട്രേഷന്‍, ഡോ. സൈമണ്‍ തോമസ് – അക്കോമഡേഷന്‍, ടോം ജോര്‍ജ് – സുവനീര്‍, പബ്ലിസിറ്റി – മനു വര്‍ഗീസ്, ജൂബി മാത്യു – ക്വയര്‍, ഡിജിറ്റല്‍ മീഡിയ – സജി ബേബി, ഷിജി ജോണ്‍സണ്‍ തുടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരെ ആദരിക്കും.
കാലിഫോര്‍ണിയ, അരിസോണ, സിയാറ്റിന്‍, വാഷിംഗ്ടണ്‍ ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജിയനാണ് കോണ്‍ഫറന്‍സിന് ആതിഥ്യമരുളുന്നത്. റീജിയനിലെ വൈദികരായ റവ. സജി തോമസ്, റവ. സിജു ജേക്കബ്, റവ. ജിനു ജോണ്‍, റവ. തോമസ് ബി, കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് സണ്ണി കെ. മാത്യു, ഫിലിപ്പ് ജേക്കബ്, ജോണ്‍ ഗീവര്‍ഗീസ്, തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. സിലിക്കണ്‍വാലി ഇടവക വികാരി റവ. ജിനു ജോണ്‍ കോണ്‍ഫറന്‍സിന്റെ തീം സോങ്ങും, ജനറല്‍ കണ്‍വീനര്‍ രാജേഷ് മാത്യു സമര്‍പ്പണ ഗാനവും രചിച്ചു, റീജിയന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ഡോ. ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സുവിശേഷ വേലയോടുള്ള അഭിവാഞ്ഛയാണ് സ്വമേധ സുവിശേഷക സംഘത്തിന്റെ രൂപീകരണത്തിന് പ്രേരണയായത്. 1924 ഓഗസ്റ്റ് 24ന് അയിരൂര്‍ ചായല്‍ പള്ളിയില്‍ കൂടിയ യോഗത്തിലാണ് മാര്‍ത്തോമ്മാ സ്വമേധ സന്നദ്ധ സുവിശേഷക സംഘം രുപീകൃതമായത്. സി.പി. ഫിലിപ്പോസ് കശീശ പ്രസിഡന്റായും മത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനറല്‍ സെക്രട്ടറിയായും സി.ജെ. ജോണ്‍ ഉപദേശി സഞ്ചാര സെക്രട്ടറിയായും നിയോഗിതരായി. 1938 മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘമെന്ന് പുനര്‍നാമകരണം ചെയ്തു.
ഫീനിക്സ് നഗരത്തിനും വിമാനത്താവളത്തിനും സമീപമാണ് ഫോര്‍ സ്റ്റാര്‍ സൗകര്യമുള്ള അരിസോണ ഗാന്‍ഡ് റിസോര്‍ട്ട് സ്പാ. കോണ്‍ഫറന്‍സിനുശേഷം സമീപപ്രദേശങ്ങളിലെ വിവിധ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.