കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് പദത്തിൽ ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ എത്തിയേക്കാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങിയ ശേഷം നടക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ആണ് മുന്നിലുള്ളത്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം ഇതുവരെ എണ്ണിയ വോട്ടുകളിൽ 47 % വോട്ടാണ് മാർക്സിസ്റ്റ് പാർട്ടി നേതാവായ അനുര കുമാര നേടിയിരിക്കുന്നത്.
നിലവിലെ ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. 22 ഇലക്ട്രല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. 75% പോളിംഗാണ് രേഖപ്പെടുത്തിയത്. 2019ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ 83.72 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
അധികാരത്തുടര്‍ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിക്കുന്ന റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെയുമാണ് മത്സരരംഗത്തെ പ്രമുഖര്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ മത്സരത്തെ അഭിമുഖീകരിക്കുന്നത്.