ന്യൂഡല്‍ഹി: ആറ് തവണ ലോക ചാമ്പ്യനും 2012 ഒളിമ്പിക് മെഡല്‍ ജേതാവുമായ എം.സി മേരി കോം ബുധനാഴ്ച ബോക്സിംഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് നാല്‍പത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു.
‘ബോക്‌സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളില്‍ എനിക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ബോക്‌സിങ്ങില്‍ നിന്നു വിരമിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി കോം പറഞ്ഞു.
ബോക്സിംഗ് ചരിത്രത്തില്‍ ആറ് ലോക കിരീടങ്ങള്‍ നേടുന്ന ആദ്യ വനിതാ ബോക്സറാണ് മേരി. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനായ 2014ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ്. 2012 ലണ്ടന്‍ ഒളിമ്പിക് ഗെയിംസില്‍ ഒരു വെങ്കല മെഡലും മേരി സ്വന്തമാക്കിയിരുന്നു.
18ാം വയസ്സില്‍ പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ നടന്ന ഉദ്ഘാടന വേള്‍ഡ് മീറ്റില്‍ അവള്‍ സ്വയം ലോകത്തിന് പരിചയപ്പെടുത്തി. പതിനെട്ടുകാരിയുടെ കുറ്റമറ്റ ബോക്‌സിംഗ് ശൈലി കൊണ്ട്, അവള്‍ എല്ലാവരേയും ആകര്‍ഷിക്കുകയും 48 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തുകയും ചെയ്തു. പക്ഷേ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഭാവിയില്‍ താന്‍ നേടാന്‍ പോകുന്ന വിജയത്തിന്റെ അടയാളം അവശേഷിപ്പിച്ചാണ് അന്ന് മേരി കോം ആ വേദി വിട്ടത്. പിന്നീട് ബോക്‌സിംഗ് റിംഗില്‍ ഇതിഹാസം സൃഷ്ടിച്ച മേരി കോം നടത്തിയ വിരമിക്കല്‍ പ്രഖ്യാപനം വേദനയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.