കൂട്ട നാടുകടത്തൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൽ: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിൻ്റെ 5-ഘട്ട പദ്ധതി

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും വൈറ്റ് ഹൗസിൽ എത്തിയാൽ അമേരിക്കക്കാരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന അഭ്യൂഹങ്ങളാണ് രാജ്യത്ത് ചർച്ചയാകുന്നത്. കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമോ? രാഷ്ട്രീയ പ്രതികാരങ്ങൾ ഉണ്ടാകുമോ? ലോക സമാധാനത്തിനായി പ്രവർത്തിക്കുമോ? ഒരു പുതിയ സുവർണ്ണകാലം രാജ്യത്തിനുണ്ടാകുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

അമേരിക്കയ്ക്കും ലോകത്തിനുമുള്ള ട്രംപിൻ്റെ അഞ്ച് പദ്ധതികൾ ഇനി പറയും വിധമാണ്.

നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നടപടി ആരംഭിക്കുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. “നമ്മൾ കഴിയുന്നത്ര വേഗത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കും. നമ്മുടെ രാജ്യത്തിൻ്റെ രക്തത്തിൽ അവർ വിഷം കലർത്തുന്നു” എന്നാണ് ട്രംപ് പറഞ്ഞത്

ട്രംപ് തൻ്റെ ആദ്യ ടേമിൽ 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടികളോട് മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഒരിക്കൽകൂടി യുഎസ് പങ്കാളിത്തം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രചാരണം. ഒരു റാലിയിൽ അദ്ദേഹം പിന്തുണക്കാരോട് പറഞ്ഞിങ്ങനെ: “ബൈഡൻ്റെ പാഴ്ചെലവുകൾ നിർത്തുകയും പുതിയ ഗ്രീൻ അഴിമതി അതിവേഗം അവസാനിപ്പിക്കുകയും ചെയ്യും.” കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് ബൈഡൻ നടത്തിയ ഫണ്ടിംഗിനെക്കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം.

അമേരിക്കയെ “ലോകത്തിൻ്റെ ബിറ്റ്‌കോയിൻ, ക്രിപ്‌റ്റോകറൻസി തലസ്ഥാനം” ആക്കുമെന്നും ടെക് ടീഭൻ എലോൺ മസ്‌കിനെ വിപുലമായ ഓഡിറ്റിൻ്റെ ചുമതല ഏൽപ്പിക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. എല്ലാ ഇറക്കുമതികൾക്കും “10 ശതമാനത്തിലധികം” തീരുവയും ട്രംപ് വാഗ്ദാനം ചെയ്യുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ ഗർഭച്ഛിദ്രാവകാശങ്ങൾ ഗണ്യമായി ദുർബലപ്പെടുത്തിയതിന് സുപ്രീം കോടതിയിൽ അദ്ദേഹം നിയമിച്ച മൂന്ന് ജഡ്ജിമാരോടും നന്ദി ചൂണ്ടിക്കാണിക്കാനുള്ള ഒരു അവസരവും ട്രംപ് ഒരിക്കലും പാഴാക്കാറില്ല. ഗർഭച്ഛിദ്ര നിയമങ്ങളെക്കുറിച്ച് അതാത് സംസ്ഥാനങ്ങൾ തീരുമാനമെടുക്കണമെന്നാണ് ട്രംപിന്റെ പക്ഷം. രാജ്യവ്യാപകമായ ഗർഭച്ഛിദ്ര നിരോധനം ഏർപ്പെടുത്തുന്നതിൽ ട്രംപിന് യോജിപ്പില്ല.

ഉക്രെയ്‌നിലെ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് മാസങ്ങളായി ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നു. അത് എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. 2014 ലും 2022 ലും റഷ്യ അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശം വിട്ടുനൽകാൻ സമ്മർദ്ദം ചെലുത്തുക എന്നത് അദ്ദേഹത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.