ന്യൂഡല്‍ഹി: സംഘര്‍ഷം അടങ്ങാതെ മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ കുക്കി അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു ബന്ദികളില്‍ കൈക്കുഞ്ഞടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം അലയടിക്കുന്നു. കൊലപാതകത്തിന് പിന്നാലെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇംഫാലില്‍ മണിപ്പൂരിലെ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായി പൊലീസ് പറഞ്ഞു.
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വീടുകള്‍ക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് നിരോധന കര്‍ഫ്യൂ ഉത്തരവുകള്‍ ഏര്‍പ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് കര്‍ഫ്യൂ. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ അധികൃതര്‍ തടഞ്ഞിട്ടുണ്ട്.
കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കാണാതായ ആറ് പേരില്‍ മൂന്ന് പേരെ മണിപ്പൂര്‍-ആസാം അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിദൂര ഗ്രാമമായ ജിരിമുഖിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നവംബര്‍ 11 ന്, ഒരു സംഘം തീവ്രവാദികള്‍ ബോറോബെക്ര ഏരിയയിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു , എന്നാല്‍ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി. തുടര്‍ന്ന് 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പിന്‍വാങ്ങുന്നതിനിടെ പൊലീസ് സ്റ്റേഷന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.