ഇറാൻ്റെ മിസൈൽ പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം; വൻ ഗർത്തം രൂപപ്പെട്ടു, ചിത്രങ്ങൾ പുറത്ത്

ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ ടെൽ അവീവ് ആസ്ഥാനത്തിന് സമീപമാണ് പതിച്ചത്. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടതായാണ് വിവരം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. പാർക്കിംഗ് സ്ഥലമെന്ന് തോന്നിക്കുന്ന സ്ഥലത്ത് 50 അടി വീതിയിലാണ് ഗർത്തം. മിസൈൽ ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് പൊടിപടലങ്ങൾ നിറയുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മണ്ണിനടയിലാവുകയും ചെയ്തു.

ഇസ്രയേലിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ഒരു കോടിയോളം പേർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകർത്തതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റള്ളയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇറാൻ ചെയ്തത് വലിയ തെറ്റെന്നും ഇതിന് വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. എന്നാൽ ആക്രമണത്തിനുള്ള മറുപടി നൽകിക്കഴിഞ്ഞു എന്നാണ് ആക്രമണ ശേഷമുള്ള ഇറാൻ്റെ പ്രതികരണം.

More Stories from this section

family-dental
witywide