ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഞായറാഴ്ച രാവിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുന്‍ഹാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലാന്‍ഡ്മാര്‍ക്ക് സിറ്റി ഏരിയയില്‍ രാവിലെ 6.15 ഓടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും ഫോറന്‍സിക് സംഘം കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
ലക്ഷ്മണ്‍ വിഹാറിലെ ആദര്‍ശ് റെസിഡന്‍സി ഹോസ്റ്റലില്‍ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട കോട്ട ജില്ലാ ഭരണകൂടം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അഗ്‌നി സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കോട്ട-സൗത്ത്, കോട്ട-നോര്‍ത്ത് എന്നിവിടങ്ങളിലെ 2,200 ഓളം ഹോസ്റ്റലുകള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഈ ഹോസ്റ്റലുകള്‍ക്കെതിരെ നടപടി ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.